ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് കത്തിയതിലൂടെ പടർന്ന വിഷപ്പുക കൊച്ചി നഗരത്തെ ഒന്നടങ്കം ശ്വാസം മുട്ടിച്ചു. ഇതിന് പിന്നാലെ നിരവധി പേർ പ്രതിഷേധവുമായും വിമർശനവുമായും എത്തിയിരുന്നു. സിനിമാതാരങ്ങളും കൊച്ചിയിലെ അവസ്ഥ വിവരിച്ചുകൊണ്ട് രംഗത്ത് വന്നു. അതേസമയം വിഷപ്പുക മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ നടൻ മമ്മൂട്ടി കഴിഞ്ഞ ദിവസം സൗജന്യ മെഡിക്കല് സംഘത്തെ കൊച്ചിയിലേക്ക് അയയ്ക്കുകയും ചെയ്തു. നടന്റെ ഈ നീക്കത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.
എന്നാൽ മമ്മൂക്കയ്ക്കും സർക്കാരിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് . മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല. കൊച്ചിക്കാർക്ക് ചുറ്റും ഇപ്പോൾ വിഷപ്പുക മാത്രമല്ല പരക്കുന്നത്, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഡിവൈഎഫ്ഐ ഉണ്ടായിട്ടും വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് നോ രക്ഷയെന്നും പികെ അബ്ദു റബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പികെ അബ്ദു റബ്ബിന്റെ ഫേസ്ബുക് കുറിപ്പ്
മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല! മനുഷ്യൻ ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ ഒരിക്കലും താനേ ഉണ്ടായതല്ല. അതിന് പിന്നിൽ പാർട്ടിയുടെ കരങ്ങളുണ്ട്. മമ്മൂക്കാ, നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണ്. കേരളത്തിലങ്ങോളം ഇങ്ങോളം DYFl ഉണ്ടായിട്ടും വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് നോ രക്ഷ…!
കേരളത്തിനൊരു കപ്പിത്താനുണ്ട്. എന്നിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ ഔട്ട് കംപ്ലീറ്റ്ലി. പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരികയാണിവിടെ. ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്. ജസ്റ്റ് റിമംബർ ദാറ്റ്.
ഈ പോസ്റ്റിന് കീഴിൽ നിരവധി പേരാണ് കമന്റുമായി എത്തിയത്. കൊച്ചി മാത്രമല്ല മമ്മൂക്കയും പഴയ മമ്മൂക്കയല്ല,നാറ്റം വന്നപ്പോഴെങ്കിലും മാറ്റം വന്നല്ലോ എന്നാണ് ഒരാളുടെ കമന്റ്. കൂടാതെ മമ്മൂട്ടി ഗസ്റ്റ് റോളിലെത്തിയ നരസിംഹം എന്ന ചിത്രത്തിലെ വക്കീൽ കഥാപാത്രത്തിന്റെ ഡയലോഗിൽ മുഖ്യമന്ത്രിയെയും വിഷപ്പുകയേയും കൂട്ടിച്ചേർത്ത് പറഞ്ഞും ഒരാൾ കമന്റിട്ടിട്ടുണ്ട്.