സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് സിപിഐഎം നേതാവ് പി ജയരാജന്. ജോസഫ് മാഷിന്റെ കൈവെട്ടിയതുമായി ബന്ധപ്പെടുത്തി യുവമോര്‍ച്ച നേതാവ് ഗണേഷന് ഷംസീറിനെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് പി ജയരാജന്റെ മറുപടി.
സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍.ഡി.എഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ എന്‍ ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്ന വ്യാമോഹം വേണ്ടെന്നും ജയരാജന് പറഞ്ഞു.
ജൂലൈ 21 നടത്തിയ പരിപാടിയിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര ശാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞിരുന്നു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വ കാലം മുതല്ക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്ന് ആണെന്നും ജയരാജന് പറഞ്ഞു.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫീസിലെക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് ഷംസീറിനെതിരെ നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു ജയരാജന്.
ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു ഗണേഷിന്റെ പരാമര്‍ശം. കോളേജ് അധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈ വെട്ടിയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും, എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നു കൊള്ളണമെന്ന് ഇല്ലെന്നും കെ ഗണേഷ് പറഞ്ഞിരുന്നു.