ആരാധക ലക്ഷങ്ങൾ ഏറെ നാളായി കാത്തിരിക്കുന്ന ഓപ്പൺ ഹൈമറും ബാർബിയും നാളെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ്. ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഓപ്പൺ ഹൈമർ യുഎഇയിൽ ആദ്യ പ്രദർശനം പൂർത്തിയാക്കി. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ആറ്റം ബോംബും ബാർബി ഡോളും എല്ലാവർക്കും ഒരേ പോലെ കൌതുകവും ആകാംക്ഷയുമുള്ള വിഷയങ്ങളായതിനാൽ ഏത് ചിത്രത്തിനാവും കൂടുതൽ സ്വീകാര്യതയെന്ന് കാത്തിരുന്ന് കാണാം. ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്ത് റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ
പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് മികച്ച നിലവാരം പുലർത്തുന്ന ചിത്രമാണ് ഓപ്പൺ ഹൈമറെന്നാണ് യുഎഇയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ മേക്കിംഗിലും ശബ്ദസംവിധാനത്തിലുമുൾപ്പെടെ മികച്ച നിലവാരമാണ് ചിത്രം പുലർത്തുന്നത്.
ആറ്റം ബോംബിന്റെ പിതാവെന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺ ഹൈമറിന്റെ ജീവിതവും ബോംബ് നിർമാണവും യുദ്ധരംഗങ്ങളുമടങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.