വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ പ്രതി പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി 23കാരന് അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായ അമലിന് റമ്മി കളിച്ച് മൂന്ന് ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു. പലരില്‍ നിന്നും കടം വാങ്ങിയാണ് ഇയാള്‍ റമ്മി കളിച്ചത്. ആളുകള്‍ പണം തിരികെ ചോദിച്ചതോടെയാണ് പ്രതി മോഷണം നടത്താന്‍ ഇറങ്ങിയത്.
23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട സ്വദേശിനിയായ 80 കാരിയായ സരസമ്മയുടെ കഴുത്തില്‍ കത്തിവെച്ച് മൂന്ന് പവന്റെ മാല കവരുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ഇലവുംതിട്ടയില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
പ്രതിയായ അമല്‍ പത്തനംതിട്ടയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. അവിടെ നിന്നാണ് കവര്‍ച്ചയ്ക്കുള്ള ശ്രമം ആരംഭിച്ചത്. സ്ത്രീകള്‍ മാത്രമുള്ള കടകളും നോക്കിവെച്ചായിരുന്നു മോഷണ ശ്രമം. ഇത്തരത്തില്‍ രണ്ടിടത്ത് മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 23നാണ് സരസമ്മയുടെ കഴുത്തില്‍ കത്തിവെച്ച് പ്രതി മാല കവര്‍ന്നതെന്നും പൊലീസ് പറയുന്നു.