മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിജു എന്ന സുരേഷ് ഫെര്‍ണാണ്ടസ് ന്റെ മൃതദേഹമാണ് പുലിമൂട്ടിനടിയില് കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 58 വയസായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കോസ്റ്റ്ഗാര്‍ഡും തെരച്ചില്‍ തുടരുന്നുണ്ട്. ഇനി രണ്ട് പേരുടെ മൃതദേഹം കൂടി ലഭിക്കാനുണ്ട്.
അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന നാല്പേരില്‍ ഒരാളായ കുഞ്ഞുമോന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മുതലപ്പൊഴി ഹാര്‍ബറില്‍ നിന്ന് പോയ വള്ളം തിരമാലയില്‍പ്പെട്ട് മറിഞ്ഞത്.
പുതുക്കുറിച്ചി തെരുവില്‍ തൈവിളആകത്ത് രോഷ്നി ഹൗസില്‍ റോബിന്, പുതുക്കുറിച്ച് ചേരിയില്‍ വിളാകം ബിജു ആന്റണി എന്നിവരാണ് കാണാതായ മറ്റു രണ്ട് പേര്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.