ഷാർജ അൽ നഹ്ദയിലെ റെസിഡൻഷ്യൽ ടവറിൽ തീപിടുത്തത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
40 വയസ്സിലേറെ പ്രായമുള്ള പാകിസ്ഥാൻ പൗരനാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പരിക്കേറ്റവർ നിലവിൽ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.
രാവിലെ 11.30 ഓടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തതെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ഒന്നിലധികം സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമാക്കി. പൊതു സുരക്ഷ ഉറപ്പാക്കാൻ അധികൃതർ പ്രദേശം വളഞ്ഞു. കെട്ടിടത്തിൽ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തീ നിയന്ത്രണ വിധേയമായതോടെ കെട്ടിടത്തിലെ വാടകക്കാർ അവിടേക്ക് മടങ്ങിവരാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
വൈകുന്നേരം 5 മണി വരെ, അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടർന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഷാർജ പോലീസിലെ ഫോറൻസിക് വിദഗ്ധർക്ക് അപകട സ്ഥലം സന്ദർശിക്കും.
ടവറിന്റെ മുകളിലെ രണ്ട് നിലകളിലാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സഹാറ സെന്ററിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം എമിറേറ്റിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നാണ്.
“ഉദ്യോഗസ്ഥർ വേഗത്തിൽ പെട്ടെന്ന് എത്തി ആളുകളെ ഒഴിപ്പിച്ചു. നിരവധി കുടുംബങ്ങൾ ടവറിൽ താമസിക്കുന്നുണ്ട് – പ്രദേശവാസിയായ ഒരു കട ഉടമ പറഞ്ഞു.
രക്ഷാപ്രവർത്തനം സുഗമമാക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കെട്ടിടത്തിന് സമീപം ഗതാഗതം നിരോധിച്ചിരുന്നു.