സൗദിയിൽ റംസാനിലെ പ്രാർഥനയ്ക്കിടെ ബാഹ്യ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് ഇസ്ലാമികകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ്.ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തിയതായും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രാർഥനയ്ക്കിടെ ബാഹ്യ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുവഴി പള്ളികളോട് ചേർന്നുള്ള വീടുകളിലെ രോഗികൾക്കും പ്രായമായവർക്കും കുട്ടികൾക്കും ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് മന്ത്രാലയം നിരീക്ഷണം നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നമസ്കാര സമയത്ത് ഇമാമിനെയും നമസ്കരിക്കുന്നവരെയും ക്യാമറകളിൽ പകർത്താനും മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യാനും പാടില്ല. പള്ളിയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്താണ് ഇഫ്താർ നടത്തേണ്ടത്. സ്ത്രീകളുടെ നമസ്കാര സ്ഥലങ്ങൾ ഉൾപ്പടെ വൃത്തിയാക്കണം. ബാങ്ക്, ഇഖാമത്ത് എന്നിവയുടെ ചുമതലയുള്ളവർ കൃത്യസമയത്ത് ഹാജരാകണം. അല്ലാത്തപക്ഷം മന്ത്രാലയത്തിൻ്റെ സൈറ്റിലൂടെ മറ്റൊരാളെ ഏൽപ്പിക്കണം.
ഉമ്മുൽ ഖുറാ കലണ്ടർ പിന്തുടരണം. ഇശാ ബാങ്ക് കൃത്യസമയത്ത് നിർവഹിക്കണം. തറാവീഹ് നമസ്കാരത്തിന് ജനങ്ങളുടെ അവസ്ഥയും പരിഗണിക്കണം. ബാങ്കിന് ശേഷം നിശ്ചിത സമയത്ത് ഇഖാമത്ത് കൊടുക്കണം. സുബ്ഹി നമസ്കാരത്തിനും തഹജൂദ് നമസ്കാരത്തിനുമിടയിൽ ഇടവേള നൽകണം. തറാവീഹ് നമസ്കാരത്തിലെ ഖുനൂത്തിൽ പ്രവാചകചര്യ പാലിക്കണം എന്നും നിർദേശമുണ്ട്.