2023 ഏപ്രിൽ 1 വരെ ഖത്തറിലെ മ്യൂസിയങ്ങളിലെ പ്രവേശന ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ലെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു. ലോകകപ്പിന് മുന്നോടിയായാണ് ഖത്തർ മ്യൂസിയത്തിന്റെ കീഴിലെ മ്യൂസിയങ്ങൾ, ഗാലറികൾ, പൈതൃക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശകർക്ക് നിശ്ചിത പ്രവേശന ഫീസ് ഏർപ്പെടുത്തിയത്. എന്നാൽ പ്രദർശനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ നിരക്ക് തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഖത്തർ, ജിസിസി പൗരന്മാർക്കും 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട് എന്നിവിടങ്ങളിൽ ഒഴികെ എല്ലായിടത്തും 2023 ജനുവരി 23 വരെ ഹയാ കാർഡ് ഉടമകൾക്കും പ്രവേശനം സൗജന്യമാണ്.
മറ്റ് സന്ദർശകരിൽ മുതിർന്നവർക്ക് ഖത്തർ ദേശീയ മ്യൂസിയം, 3-2-1 ഒളിംപിക്-സ്പോർട്സ് മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട് എന്നിവിടങ്ങളിൽ 100 റിയാൽ, മതാഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, ലുസെയ്ൽ മ്യൂസിയം എന്നിവിടങ്ങളിൽ 50 റിയാൽ, അൽ സുബാറ പൈതൃക കേന്ദ്രത്തിൽ 35 റിയാൽ, എം 7 ഗാലറിയിലെ ഫോർ എവർ വലന്റിനോ പ്രദർശനത്തിന് 100 റിയാൽ എന്നിങ്ങനെയാണ് പ്രവേശന ഫീസ്.
മ്യൂസിയങ്ങളിലെ കഫേകൾ, റസ്റ്ററന്റുകൾ, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവിടങ്ങളിൽ പ്രവേശനം സൗജന്യമാണ്. ശനി മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 7 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 7 വരെയുമാണ് മ്യൂസിയങ്ങളുടെ പ്രവർത്തനം.