നിപ രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിയുടെ പരിശോധന ഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിനിക്ക് നിപയില്ലെന്ന് കണ്ടെത്തിയത്.
രോഗിയുടെ നില തൃപ്തികരമാണെന്നും സാധാരണ പനിയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തോന്നയ്ക്കലില്‍ നടത്തിയ ആദ്യത്തെ നിപ പരിശോധന ഫലം കൂടിയാണ് ഇത്.
നിലവില്‍ നിപ സ്ഥിരീകരിച്ച് കോഴിക്കോട് മൂന്ന് പേര് ചികിത്സയിലുണ്ട്. 789 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 77 പേര് അതീവ ജാഗ്രതാ സമ്പര്‍ക്കപ്പട്ടികയിലാണ്. ഇവര്‍ വീടുകളില്‍ ഐസൊലേഷനിലാണ്.
157 ആരോഗ്യപ്രവര്‍ത്തകരും സാമ്പര്ക്കപ്പട്ടികയിലുണ്ട്. ഇതില്‍ 13 പേര് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.
കോഴിക്കോട് ജില്ലയില്‍ അടുത്ത 10 ദിവസത്തേക്ക് നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികളെല്ലാം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങഇയ പരിപാടികള്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്നും നിര്‍ദേശം.
വിവാഹം റിസപ്ഷന് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണം. പ്രോട്ടോക്കോള്‍ അനുസരിച്ച് ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി ഇത്തരം പരിപാടികള്‍ നടത്തണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.