വയനാട്: മാനന്തവാടിക്ക് അടുത്ത തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടത്തിലെ തൊഴിലാളികളായ ഒൻപത് സ്ത്രീകൾ മരിച്ചു. കണ്ണോത്ത് മലയ്ക്ക് സമീപം വച്ചാണ് 25 മീറ്റർ താഴ്ചയിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞത്. ജീപ്പോടിച്ച ഡ്രൈവർ മണി, തൊഴിലാളികളായ ലത, ഉമാദേവി എന്നീ മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഇവർ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒൻപത് പേർ മരിച്ചതായി വയനാട് ജില്ലാ കളക്ടർ രേണുരാജ് സ്ഥിരീകരിച്ചു.
കണ്ണോത്ത് മലയ്ക്ക് സമീപം വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തോട്ടത്തിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു തൊഴിലാളികൾ. കമ്പമലയിലെ ദീപു ടീ ട്രേഡിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തിൽപ്പെട്ട ജീപ്പ്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് കല്ലുങ്ക് തകർത്ത് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാറക്കല്ലുകൾക്ക് മുകളിലേക്കാണ് ജീപ്പ് പതിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റാണ് കൂടുതൽ പേരും മരിച്ചതും മരണസംഖ്യ ഉയർന്നതും. റാണി,ശാന്ത, ചിന്നമ്മ, ലീല,ഷാജ ബാബു, റാബിയ, മേരി, വസന്ത എന്നീ എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ തിരിച്ചറിയാനുണ്ട്.
എസ്റ്റേറ്റിൽ നിന്നും മടങ്ങുന്ന തോട്ടം തൊഴിലാളികളുമായി നിരവധി ജീപ്പുകൾ ഈ വഴിയിലൂടെ പോകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകടം കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ അഗ്നിരക്ഷാസേനയും എത്തി. ആശുപത്രിയിൽ എത്തിച്ച 12 പേരിൽ ഒൻപത് പേരും മരണപ്പെട്ടിരുന്നുവെന്ന് വയനാട് ഡിഎംഒ അറിയിച്ചു. അപകടവിവരം പുറത്തു വന്നതിന് പിന്നാലെ വനംമന്ത്രി എ.കെ ശശീന്ദ്രനോട് സംഭവസ്ഥലത്തേക്ക് പോകാൻ മുഖ്യമന്ത്രി നിർദേശിച്ചു.