സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ-ഇഡി സംയുക്ത പരിശധന. എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും റെയ്ഡ് നത്തുന്നുണ്ട്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. പരിശോധനയിൽ നിരവധി രേഖകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
കോഴിക്കോട് ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങിയ പരിശോധന ഒരു മണിക്കൂർ മുമ്പാണ് അവസാനിപ്പിച്ചത്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. അതിനിടെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറിയേയും കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്ത് പിഎഫ്ഐ മുൻ ദേശീയ സമിതി അംഗം അഷറഫ് മൗലവിയുടെ വീട്ടിലും എൻഐഎ പരിശോധന നടത്തി. മണക്കാട് ഓഫീസിലും പരിശോധന നടത്തി. പത്തനംതിട്ടയിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ വീട്ടിലും ജില്ലാ പ്രസിഡണ്ടിന്റെ വീട്ടിലും റെയ്ഡ് നടത്തി. പുലർച്ചെ നാല് മണിക്കാണ് പത്തനംതിട്ടയിൽ റെയ്ഡ് നടത്തിയത്.
രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും റെയ്ഡ് തുടരുകയാണ്. 10 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ നൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.