പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ശേഷിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയ അനിവാര്യമാണെന്നും മൂന്ന് മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും താരത്തിന്റെ ക്ലബ്ബായ പാരീസ് സെൻ്റ് ജെർമ്മൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നെയ്മറിന്റെ അഭാവം പിഎസ്ജിക്ക് വൻ തിരിച്ചടിയാകും. ദോഹയിലാകും ശസ്ത്രക്രിയ നടക്കുക. തീയതിയോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണിലെ ലീഗ് വണ്ണിൽ 13 ഗോളുകളും 11 അസിസ്റ്റുകളുമാണ് നെയ്മർ നേടിയത്. കഴിഞ്ഞ മാസം ലില്ലെക്കെതിരെ നടന്ന മത്സരത്തിന് ശേഷം താരത്തിന് കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നു. പരിക്കിനെ തുടർന്ന് ക്ലബ്ബിൻ്റെ അവസാന 2 മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായി.
26 ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ 63 പോയിൻ്റുമായി നിലവിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പാരീസ് സെൻ്റ് ജെർമ്മൻ. രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് ഡി മാർസെ 8 പോയിൻ്റുകൾക്ക് പിന്നിലാണ്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെ രണ്ടാം പാദ മത്സരത്തിൽ ഈയാഴ്ച ബയേൺ മ്യൂണിക്കിനെയാകും പിഎസ്ജി നേരിടുക.