ഷാർജയിൽ ട്രാഫിക് പിഴകളിൽ പ്രഖ്യാപിച്ച 35 ശതമാനം ഇളവ് പ്രാബല്യത്തിൽ വന്നു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ് 35 ശതമാനം ഇളവ്.
വാഹനം കണ്ടുകെട്ടിയതിന്റെ ഫീസിനും ഈ ഇളവ് ലഭിക്കും. 60 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണ് പിഴ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ് ലഭിക്കും. എന്നാൽ, വാഹനം കണ്ടുകെട്ടിയതിന്റെ ഫീസ് പൂർണമായും അടക്കേണ്ടിവരും. ഒരു വർഷത്തിന് ശേഷം അടക്കുന്നവർക്ക് പിഴ ഇളവ് ഉണ്ടായിരിക്കില്ല. അബൂദബിയിലും സമാനമായ ഇളവ് അടുത്തിടെ അനുവദിച്ചിരുന്നു. അബദ്ധത്തിൽ പിഴ വീണ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമാണ് പിഴയിളവ്.
ഷാർജ പോലീസ് ആപ്ലിക്കേഷനിലൂടെയും ആഭ്യന്തര മന്ത്രാലയം ആപ്ലിക്കേഷനിലൂടെയും (MOI UAE), എമിറേറ്റിലെ പോലീസ്, വാണിജ്യ കേന്ദ്രങ്ങളിൽ വ്യാപിച്ചിരിക്കുന്ന (സഹൽ) ഉപകരണങ്ങൾ വഴിയും നിയമലംഘന പേയ്മെന്റ് സേവനം ലഭ്യമാണ്.