ഇന്ത്യൻ നാവിക സേനയ്ക്ക് ഇനി മുതൽ പുതിയ പതാക. സെപ്റ്റംബർ 2 ന് കൊച്ചിയിൽ വച്ച് ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാക പ്രകാശനം ചെയ്യും . സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാകയാണ് നാവികസേനയുടേതായി ഉണ്ടായിരുന്നത്.
പഴയ പതാക ഒഴിവാക്കുന്നത്തോടെ കൊളോണിയല്‍ ഓര്‍മകളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം . ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ചതായിരിക്കും പുതിയ പതാകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ഇന്ത്യൻ നാവികസേനയുടെ നാലാമത്തെ പതാകയാണിത്. നിലവിൽ വെള്ള നിറമുള്ള പതാകയിൽ നെറുകയും കുറുകയും ചുവന്ന വരിയും വരികള്‍ കൂട്ടിമുട്ടുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണുള്ളത്. ചുവന്ന വരകളെ സെന്റ് ജോര്‍ജ് ക്രോസെന്നാണ് പറയുക. ഇത് മാറ്റി പൂർണ്ണമായും ഇന്ത്യന്‍ സമുദ്രപാരമ്പര്യം ഉൾകൊള്ളുന്ന മറ്റൊരു പതാകയ്ക്ക് രൂപം നൽകുകയായിരുന്നു. പുതിയ പതാകയുടെ ചിത്രം ഇതുവരെ പുറത്തു വിട്ടിട്ടില്ല.
നാവികസേനയുടെ പുതിയ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത് കരസേനയുടെയും വ്യോമസേനയുടെ പതാകയുമായി ചേര്‍ന്നുപോകുന്ന തരത്തിലാണ്. വാജ്പേയി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് സെന്റ് ജോര്‍ജ് ക്രോസ് പതാക മാറ്റി. എന്നാല്‍ നാവികസേന ഉന്നയിച്ച ചില പ്രശ്നങ്ങള്‍ കാരണം പിന്നീട് യുപിഎ സര്‍ക്കാര്‍ ഭരണത്തിൽ വന്നപ്പോൾ വീണ്ടും പഴയത് തന്നെ ഉപയോഗിക്കുകയായിരുന്നു.