2022 ലെ ഖത്തർ ലോകകപ്പിന്റെ ആരും കാണാത്ത പിന്നാമ്പുറ കാഴ്ചകൾ രണ്ട് പുതിയ ഡോക്യുസീരീസ് ആയി നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്നു. ഖത്തർ ലോകകപ്പ് 2022ലേക്കുള്ള യോഗ്യത റൗണ്ടിലുടനീളമുള്ള കളിക്കാരെ അവതരിപ്പിച്ച ‘ക്യാപ്റ്റൻസി‘ന് ശേഷം വീണ്ടും ഫിഫ പ്ലസുമായി ഒന്നിച്ച് പ്രവർത്തിക്കുന്ന വിവരം നെറ്റ്നേഫ്ലിക്സ് പുറത്തുവിട്ടിരുന്നു.
അതേസമയം ടൂർണമെന്റുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സീരീസിന് ഇതുവരെ പേരിട്ടിട്ടില്ല. ലോകകപ്പിൽ പങ്കെടുത്ത 32 ടീമുകളുടെ ഇതുവരെ കാണാത്ത കഥകൾ ദൃശ്യങ്ങളായി കോർത്തിണക്കി കാഴ്ച്ചക്കാർക്ക് മുന്നിൽ സമർപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കൂടാതെ വരാനിരിക്കുന്ന സീരീസ് എക്കാലത്തെയും മികച്ച കായിക അനുഭവമായമായിരിക്കുമെന്ന് നിർമാതാവായ ഫുൾവെൽ പറയുന്നു. ഈ വർഷം തന്നെ നെറ്റ്ഫ്ലിക്സിൽ ആഗോളതലത്തിൽ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷ.
നിരവധി ആരാധകർക്ക് മികച്ച അനുഭവം നൽകാൻ നെറ്റ്ഫ്ലിക്സ് പ്രതിജ്ഞബന്ധരാണെന്നും പുതിയ പരമ്പരകളുടെ നിര അടിവരയിടുകയാണെന്നും നെറ്റ്ഫ്ലിക്സ് അൺസ്ക്രിപ്റ്റഡ്, ഡോക്യുമെന്ററി സീരീസ് വൈസ് പ്രസിഡന്റ് ബ്രൻഡൻ റീഗ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കായികമേളയുടെ പിന്നാമ്പുറക്കാഴ്ച്ചകളിലേക്ക് പോകുകയാണ്. ഇതിലൂടെ, ഐതിഹാസിക നിമിഷങ്ങളുടെ ആവേശം ദശലക്ഷക്കണക്കിന് വരുന്ന ആഗോള അംഗങ്ങളുമായി പങ്കിടാനുള്ള അവസരമാണിതെന്നും റീഗ് കൂട്ടിച്ചേർത്തു.