ഫെബ്രുവരി 14 വാലൻ്റൈൻസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള റോസാപ്പൂ ഇറക്കുമതി നേപ്പാൾ വിലക്കി. സസ്യങ്ങളിലൂടെ രോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നേപ്പാൾ, ഇന്ത്യ, ചൈന അതിർത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലേക്ക് പ്രത്യേക കാരണങ്ങളാൽ റോസാപ്പൂക്കളുടെ ഇറക്കുമതി നിരോധിച്ചതായി അറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാൻ്റ് ക്വാറൻ്റൈൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്മെൻ്റ് സെൻ്ററിലെ അതിർത്തി ഓഫീസുകൾക്കും റോസാപ്പൂക്കൾക്ക് ഇറക്കുമതി പെർമിറ്റ് നൽകരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സർക്കാരിൻ്റെ ഈ തീരുമാനം മാർക്കറ്റിൽ റോസാപ്പൂവിന് വലിയ ക്ഷാമം ഉണ്ടാവാൻ കാരണമാവുമെന്ന് നേപ്പാൾ ഫ്ലോറികൾച്ചർ അസോസിയേഷൻ പ്രോഗ്രാം കോഡിനേറ്റർ ജെ ബി തമങ് അഭിപ്രായപ്പെട്ടു. ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതൽ റെഡ് റോസുകൾ കയറ്റുമതി ചെയ്യുന്നത്.
സസ്യങ്ങളിലൂടെ രോഗങ്ങളും പ്രാണികളും ഉണ്ടാകാനുള്ള സാധ്യതയാണ് ഇറക്കുമതി വിലകക്കേർപ്പെടുത്താനുണ്ടായ കാരണമെന്ന് പ്ലാൻ്റ് ക്വാറൻ്റൈൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്മെൻ്റ് സെൻ്റർ ഇൻഫർമേഷൻ ഓഫീസർ മഹേഷ് ചന്ദ്ര ആചാര്യ അറിയിച്ചു. റോസാ പൂവിലും മറ്റ് ചില സസ്യങ്ങളിലും രോഗങ്ങൾക്കുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം രോഗങ്ങളെക്കുറിച്ച് ശരിയായ പഠനം ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇറക്കുമതി തൽക്കാലം നിർത്തിവയ്ക്കുന്നുവെന്നാണ് അറിയിപ്പ്. ഇതു സംബന്ധിച്ച സാങ്കേതിക വിഭാഗത്തിൻ്റെ യോഗം നടക്കാനിരിക്കുകയാണ്. അത് കഴിഞ്ഞശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ആചാര്യ കൂട്ടിച്ചേർത്തു.