ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. ദാരിദ്രനിരക്കിന് താഴെയുള്ളവരുടെ എണ്ണത്തിൽ 39.4 ശതമാനം വർധനവുണ്ടായെന്നാണ് ലോകബാങ്കിൻ്റെ റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ വർഷങ്ങളിൽ ഒന്നരക്കോടിയിലേറെ പാക്കിസ്ഥാനികൾ ദാരിദ്രരേഖയ്ക്ക് താഴെക്ക് എത്തിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
പാക്കിസ്ഥാനിലെ 9.5 കോടിയോളം ജനങ്ങൾ നിലവിൽ ദരിദ്രസൂചികയ്ക്ക് താഴെയാണ്. നിലവിൽ ദക്ഷിണേഷ്യയിൽ ഏറ്റവും കുറവ് പ്രതിശീർഷ വരുമാനമുള്ള രാജ്യമാണ് പാക്കിസ്ഥാൻ. ഏറ്റവും കൂടുതൽ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന രാജ്യവും പാക്കിസ്ഥാനാണ്. 1980-കളിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതീശീർഷ വരുമാനമുള്ള രാജ്യമായിരുന്നു പാക്കിസ്ഥാൻ. എന്നാൽ 2000 മുതൽ 2020 വരെയുള്ള ഇരുപത് വർഷത്തിൽ 1.7 ശതമാനം വർധനവ് മാത്രമാണ് പാക്കിസ്ഥാൻ്രെ പ്രതിശീർഷ വരുമാനത്തിലുണ്ടായത്.
സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാൻ നികുതി – ജിഡിപി അനുപാതം അഞ്ച് ശതമാനം വർധിപ്പിക്കണമെന്നാണ് ലോകബാങ്ക് നിർദേശിക്കുന്നത്. നികുതിയിളവുകൾ പിൻവലിക്കണമെന്നും കാർഷിക മേഖലയിലും റിയൽ എസ്റ്റ്റ്റേറ്റ് രംഗത്തും നികുതി വർധിപ്പിക്കണമെന്നും എക്സൈസ് തീരുവ, നടപ്പാക്കണം തുടങ്ങി നിരവധി നികുതി വർധന നിർദേശങ്ങളാണ് പാക്കിസ്ഥാന് മുന്നിൽ ലോകബാങ്ക് നിർദേശിച്ചിട്ടുള്ളത്.