ദില്ലി; കേരളത്തിൽ ഇത്തവണ കാലവർഷം കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട( ഏപ്രിൽ ) കാലവർഷ 2023 പ്രവചനപ്രകാരം മധ്യ തെക്കൻ കേരളത്തിൽ ഇത്തവണ സാധാരണയിൽ കൂടുതലും വടക്കൻ കേരളത്തിൽ സാധാരണ നിലയിലോ അല്ലെങ്കിൽ സാധാരണയിൽ കുറവോ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ദേശീയതലത്തിലും ഇക്കുറി സാധാരണ പോലെ മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ പ്രവചനം.
ഇക്കുറി മെച്ചപ്പെട്ട മഴ ലഭിക്കാൻ 67 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. വരൾച്ചയിൽ വലയുന്ന കാർഷികമേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. മണ്‍സൂണിനെ ആശ്രയിച്ചാണ് രാജ്യത്തെ കാർഷികമേഖല മുന്നോട്ട് നീങ്ങുന്നത് എന്നതിനാൽ ഈ പ്രവചനം വിപണിക്കും ആശ്വാസമാകും.
അതേസമയം രാജ്യത്തെ പ്രമുഖ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് ഈ വർഷം സാധാരണയിൽ കുറവ് മഴയായിരിക്കും കാലവർഷത്തിൽ ലഭിക്കുക എന്ന പ്രവചനമാണ് നടത്തിയത്. ലാ നിന പ്രതിഭാസം കാരണമാണ് മഴ കുറയുക എന്നാണ് അവരുടെ പ്രവചനം.