ജറുസലേം: കൂടുതൽ ഇസ്ലാമിക രാഷ്ട്രങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹൻ. നാല് അറബ് രാജ്യങ്ങൾ ഇതിനകം അബ്രഹാം കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രിയുടെ ഈ പ്രഖ്യാപനം.
സൗദി അറേബ്യ, ബംഗ്ലാദേശ്, സുഡാൻ, ബ്രൂണെ, സൊമാലിയ, മൊറോക്കോ, ബഹ്റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങൾ ഇസ്രയേലുമായുള്ള ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും ഇക്കാര്യത്തിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് വന്നിട്ടില്ല.
ജൂത രാഷ്ട്രവുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നതായി സൗദ്ദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. 1948 മെയ് 14-നാണ് ഇസ്രായേൽ എന്ന ജൂതരാഷ്ട്രം നിലവിൽ വരുന്നത്. അറബ് ലീഗിലെ 15 രാജ്യങ്ങൾ – അൾജീരിയ, കൊമോറോസ്, ജിബൂട്ടി, ഇറാഖ്, കുവൈറ്റ്, ലെബനൻ, ലിബിയ, മൗറിറ്റാനിയ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സൊമാലിയ, സിറിയ, ടുണീഷ്യ, യെമൻ – ഇതുവരെ നയതന്ത്ര തലത്തിൽ ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ 10 അറബ് ഇതര അംഗങ്ങൾ – അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബ്രൂണെ, ഇന്തോനേഷ്യ, ഇറാൻ, മലേഷ്യ, മാലിദ്വീപ്, മാലി, നൈജർ, പാകിസ്ഥാൻ എന്നിവരും ഇസ്രയേലിനെ അംഗീകരിക്കുന്നില്ല; ഈ രാജ്യങ്ങൾക്കൊപ്പം, ക്യൂബ, ഉത്തരകൊറിയ, വെനസ്വേല എന്നിവയും ഇതുവരെ ഇസ്രയേലിനെ അംഗീകരിച്ചിട്ടില്ല. യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങൾ 2020ൽ ഇസ്രായേലിനെ അംഗീകരിച്ചു കൊണ്ട് കരാറിൽ ഒപ്പുവച്ചിരുന്നു.