ട്വിറ്റർ സിഇഒ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന പോളിങിൽ പരാജയപെട്ടത്തോടെ രാജി പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ഇന്ന് പുലർച്ചെ ട്വിറ്ററിലൂടെയാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സ്ഥാനം ഏറ്റെടുക്കാൻ യോഗ്യതയുള്ള ഒരു ‘വിഡ്ഢിയായ’ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും. അതിന് ശേഷം സോഫ്റ്റ്വെയർ, സർവർ ടീമിന്റെ പ്രവർത്തനത്തിന് മാത്രം നേതൃത്വം നൽകുമെന്നുമാണ് മസ്ക് ട്വിറ്ററിൽ കുറിച്ചത്.
ട്വിറ്ററിൽ തന്നെ നൽകിയിരുന്ന പോളിൽ മസ്കിന്റെ പുതിയ നയങ്ങളോടും ട്വിറ്ററിലെ പുതിയ തൊഴിൽ അന്തരീക്ഷത്തോടും ഉപയോക്താക്കൾ അതൃപ്തി രേഖപ്പെടുത്തി. മസ്ക് സ്ഥാനമൊഴിയണമെന്ന് 57.5 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്. മസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയരുതെന്ന് 42.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. 17502391 പേരാണ് പോളിൽ പങ്കെടുത്തത്. മസ്ക് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് കാലിഫോർണിയ ഫെഡറൽ കോടതിയിൽ നൂറിലധികം മുൻ ജീവനക്കാർ പരാതി നൽകിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മസ്കിന്റെ നീക്കം.
അഭ്യൂഹങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് ടെസ്ല സിഇഒയായ ഇലോൺ മസ്ക് ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തത്. എന്നാൽ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്ക് ട്വിറ്ററിൽ നിരവധി മാറ്റങ്ങളും നടപ്പിലാക്കിയിരുന്നു. കമ്പനിക്കകത്ത് ജീവനക്കാർക്ക് താമസിക്കാൻ റൂം ഒരുക്കുക തുടങ്ങിയ വ്യത്യസ്തമായ മാറ്റങ്ങൾ മസ്ക് കൊണ്ട് വന്നു. ട്വിറ്ററിൽ പല ജീവനക്കാരും രാജിവച്ചൊഴിയുന്ന സ്ഥിതി ഉൾപ്പെടെ ഉണ്ടായതിന് പിന്നാലെയാണ് മസ്ക് ഇത്തരമൊരു പോൾ നടത്തിയത്.