വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തില്‍ മകന് മരിച്ചതറിഞ്ഞ് മനം നൊന്ത് അമ്മ ജീവനൊടുക്കി. കിണറ്റില്‍ ചാടിയാണ് അമ്മ ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥി സജിന്‍ മുഹമ്മദിന്റെ മാതാവാണ് കിണറ്റില്‍ ചാടി മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ക്യാംപസില്‍ വെച്ച് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് പി ജി വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം അറഫയില്‍ സുലൈമാന്റെ മകന് സജിന്‍ മുഹമ്മദ് മരിച്ചത്. 28 വയസായിരുന്നു. എം.വി.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സജിന്‍ മുഹമ്മദ്.
മാതാവ് ഷീജയെ മകന് മരിച്ച വിവരം കഴിഞ്ഞ ദിവസം അറിഞ്ഞിരുന്നില്ല. ഷീജ ബീഗത്തെ മരണം വിവരം അറിയിക്കാതെ ബന്ധുവിന്റെ വീട്ടില്‍ ആക്കിയ ശേഷം വീട്ടിലുള്ളവര്‍ മൃതദേഹം കൊണ്ടു വരാനായി വയനാട്ടിലേക്ക് പോവുകയായിരുന്നു.
എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ മകന്റെ മരണ വാര്‍ത്ത അറിഞ്ഞ ഷീജ ബീഗം ബന്ധുവിന്റെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.