സ്വിറ്റ്സർലാൻഡിനെ 6-1ന് തോൽപ്പിച്ച പോർച്ചുഗലും സ്പെയിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ അട്ടിമറിച്ച മൊറോക്കോയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗോണ്‍സാലോ റാമോസിൻ്റെ ഹാട്രിക്ക് മികവിലായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പോര്‍ച്ചുഗല്‍ പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കായിരുന്നു റാമോസിൻ്റേത്. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന് എതിരാളികള്‍. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.
ക്രിസ്റ്റ്യാനോയില്ലാതെ കളിക്കാനിറങ്ങിയ 17–ാം മിനിറ്റില്‍ റാമോസിലൂടെ മുന്നിലെത്തി. 33–ാം മിനിറ്റിൽ പെപ്പെയിലൂടെ രണ്ടാം ഗോള്‍. 51-ാം മിനിറ്റില്‍ റാമോസ് വീണ്ടും വലകുലുക്കി. 58-ാം മിനിറ്റില്‍ മാനുവല്‍ അക്കാന്ജിയിലൂടെ സ്വിസ് പട തിരിച്ചടിച്ചു. സ്കോര്‍ 4–1. 67–ാം മിനിറ്റില്‍ ജാവോ ഫെലിക്സിൻ്റെ പാസ് ഫിനിഷ് ചെയ്ത് റാമോസ് ഹാട്രിക്ക് നേടി. 17, 51, 67 മിനിറ്റുകളിലായാണ് ഗോൺസാലോ റാമോസ് ഹാട്രിക് ലക്ഷ്യത്തിലെത്തിയത്.
അതേസമയം മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ ഇന്നലെ ആഫ്രിക്കൻ ടീമായ മൊറോക്കോ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നിശ്ചിതസമയത്തും അധികസമയത്തും സമനിലയായതോടെയാണ് സ്പെയിനെതിരായ മത്സരം ഷൂട്ടൗട്ടിലേക്കു പോയത്. സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി യാസ്സിന് ബോനോ മൊറോക്കോയുടെ താരമായി. മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു.3-0നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ വിജയം.