ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടുഗോളിന് തകർത്ത് ഫ്രാൻസ് ലോകകപ്പ് സെമിയിൽ. ഫ്രാൻസിനായി ഓർലൈൻ ചൗമെനിയും ഒളിവർ ജിറൂവും ഗോളടിച്ചു. ഇംഗ്ലണ്ടിനായി ഹാരി കെയ്നാണ് ലക്ഷ്യം കണ്ടത്. പെനൽറ്റിയിൽനിന്നായിരുന്നു ഗോൾ. രണ്ടാമത് കിട്ടിയ പെനൽറ്റി കെയ്ൻ പാഴാക്കി. സെമിയിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.
പോർച്ചുഗലിനെ ഒറ്റ ഗോളിന് കീഴടക്കിയാണ് മൊറോക്കോ സെമിയിലെത്തിയത്. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം സെമിയിലെത്തുന്നത്. യൂസഫ് എൻ നെസ്റിയാണ് വിജയ ഗോളടിച്ചത്. പോർച്ചുഗൽ ഗോളി ദ്യേഗോ കോസ്റ്റയ്ക്കുമുകളിലൂടെയായിരുന്നു യൂസഫിന്റെ ഹെഡർ.
സമനില ഗോളിനായി പോർച്ചുഗൽ കിണഞ്ഞുശ്രമിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്നു. ബ്രൂണോ ഫെർണാണ്ടസിനും ഗോൺസാലോ റാമോസിനും സാധ്യമാകാത്തത് റൊണാൾഡോയ്ക്കുമായില്ല. പറങ്കിവീര്യത്തിനുമുന്നിൽ കോട്ടപോലെ നിലകൊണ്ട മൊറോക്കോയുടെ പ്രതിരോധം കളിയിൽ നിർണായകമായി. നിരവധി ഷോട്ടുകളാണ് ഗോൾകീപ്പർ യാസിൻ ബോണോ തട്ടിയകറ്റിയത്.