കൊച്ചിയുടെയും ഭാരതത്തിന്റെയും ഭാവി തന്നെ മാറ്റി മറിക്കുന്ന പദ്ധതിയാണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന ഡ്രൈ ഡോക് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ തുറമുഖങ്ങളില്‍ പണ്ട് കപ്പലുകള്‍ക്ക് മണിക്കൂറുകള്‍ കാത്തുകെട്ടി കിടക്കണമായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തെ വന്‍കിട രാഷ്ട്രങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ തുറമുഖങ്ങള്‍ എന്നും മോദി പറഞ്ഞു. കൊച്ചി ഷിപ്പിയാര്‍ഡില്‍ 4000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഇന്ത്യ ആഗോള വ്യാപാരത്തിന്റ കേന്ദ്രമായി മാറുമ്പോള്‍ നമ്മള് നമ്മുടെ കടല്‍ശക്തി വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ന് രാജ്യത്തിന് ഏറ്റവും വലിയ ഡ്രൈ ഡോക് ലഭിച്ചു. ഇത് കൂടാതെ കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള അന്താരാഷ്ട്ര കേന്ദ്രം, എല്‍.പി.ജി ഇറക്കുമതി ടെര്‍മിനല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉദ്ഘാടനം ചെയ്തു. ഈ പുതിയ സൗകര്യങ്ങളോടെ കപ്പല്‍ ശാലയുടെ ശേഷി പലമടങ്ങ് വര്‍ധിച്ചു. ഈ സൗകര്യങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു എന്നും മോദി പറഞ്ഞു.
പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ നേരിട്ടെത്തിയ പ്രധാനമന്ത്രിക്ക് കേരളം നന്ദി അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തില്‍ കേരളം നല്കുന്ന മികച്ച പിന്തുണയുടെ ദൃഷ്ടാന്തം കൂടിയാണിത്. മെയ്ക് ഇന്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി മെയ്ക്ക് ഇന്‍ കേരള മാറുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.