ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ദിന ചടങ്ങിന് എല്ലാ വീടുകളില്‍ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ പുതുക്കിയ റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി.അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ടെന്നറിയാം. പക്ഷെ സുരക്ഷ പ്രശ്നങ്ങള്‍ കാരണം ഇത്രയധികം പേരെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതിനാല്‍ ജനുവരി 22ന് രാമക്ഷേത്രത്തിലേക്ക് ആരും വരരുതെന്ന് ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ആദ്യം പരിപാടി നടക്കുന്നതിനായി ജനങ്ങള്‍ സഹകരിക്കണം. ജനുവരി 23 മുതല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് വരാമെന്ന് മോദി പറഞ്ഞു.
ക്ഷേത്ര പരിസരത്ത് തിരക്ക് കൂട്ടരുത്. നൂറ്റാണ്ടുകളോളം ക്ഷേത്രം അവിടെ തന്നെ കാണും. ഭക്തര്‍ കാരണം ക്ഷേത്ര ഭാരവാഹികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ല. ാലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് ആതിഥ്യം വഹിക്കാന്‍ അയോധ്യയെ തയ്യറാക്കേണ്ടതുണ്ട്. അതിനാല്‍ അയോധ്യയെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി സൂക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനുവരി 14 മുതല്‍ ജനുവരി 22 വരെ രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.