ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ മലീഹ പ്രദേശത്ത് തുടങ്ങിയ ഗോതമ്പ് പാടം ആദ്യ വിളവെടുപ്പിനായി ഒരുക്കങ്ങൾ തുടങ്ങി. ആദ്യ വിളവെടുപ്പ് ഉത്സവമാക്കാന്‍ ഷാർജ ഫാമിലെ കർഷകരും എഞ്ചിനീയർമാരും തയാറെടുക്കുകയാണ്.
മാർച്ച് 15-20 വരെയുള്ള ദിവസങ്ങളിൽ വിളവെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാര്‍ജ കൃഷി, കന്നുകാലി വകുപ്പ് ചെയർമാൻ ഡോ. ഖലീഫ മുസാബെ അഹമ്മദ് അൽ തുനൈജി പറഞ്ഞു. യന്ത്രങ്ങളുടെ സഹായത്തോടയാണ് വിളവെടുപ്പ്. 500 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള 400 ഹെക്ടർ സ്ഥലത്താണ് ഗോതമ്പ് പാടമുള്ളത്.
വിളവെടുപ്പിന് ശേഷം ഷാർജയിലെയും യുഎഇയിലെയും പ്രാദേശിക വിപണിയിലേക്കാണ് ഗോതമ്പ് എത്തിക്കും. ഗോതമ്പ് ഭക്ഷ്യയോഗ്യമാക്കാൻ സംസ്കരണത്തിനായി മില്ലുകളിലേക്ക് അയയ്ക്കും.
കീടനാശിനികളോ രാസവസ്തുക്കളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഉപയോഗിക്കാതെയാണ് കൃഷിയിറക്കിയത്. മേയ്യിലോ ജൂണിലോ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കാനാണ് തീരുമാനം.
2022 നവംബറിലാണ് ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഫാമിൻ്റെ ആദ്യഘട്ടം തുറന്നത്. ഭരണാധികാരി നേരിട്ടെത്തി വിത്ത് വിതച്ചായിരുന്നു തുടക്കം. കൃഷിക്കായി വിപുലമായ ജലസേചന പദ്ധതികളും തയ്യാറാക്കിയിരുന്നു. നാല് മാസത്തിനുള്ളിൽ മരുഭൂമി മരുപച്ചയായി മാറിയത് കാണാന്‍ സുല്‍ത്താന്‍ നേരിട്ടെത്തുകയും ചെയ്തിരുന്നു. ഇനി ഘട്ടംഘട്ടമായി കൂടുതല്‍ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.
“കോവിഡ് വന്നതോടെ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധസമയത്തും, ഗോതമ്പിൻ്റെയും ഭക്ഷ്യ വിതരണ ശൃംഖലയുടെയും വിതരണത്തിൽ ലോകം ചില പ്രശ്നങ്ങൾ അഭിമുഖീകരിച്ചിരുന്നു. ആ വീക്ഷണകോണിൽ നിന്ന്, ഈ ഫാം ആരംഭിക്കാൻ ഷാർജ ഭരണാധികാരി ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയിൽ നിന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചു. മണ്ണിൻ്റെ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ, ഗോതമ്പ് വളർത്താൻ എമിറേറ്റിൽ ഏറ്റവും അനുയോജ്യമായ സാഹചര്യം മലീഹയിലെ ഭൂമിയാണെന്ന് മനസ്സിലായി” , ഡോ. ഖലീഫ മുസാബെ അഹമ്മദ് അൽ തുനൈജി കൂട്ടിച്ചേർത്തു.