95-ാമത് ഓസ്കര് പുരസ്കാരം നേടിയ ഡോക്യൂമെന്ററി ‘ദ് എലിഫന്റ് വിസ്പറേഴ്സി’ന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ആദരിച്ചു. പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ കാർത്തികി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓസ്കാർ പുരസ്കാരം നേടിയതിന് ഒരുകോടി രൂപയാണ് സംവിധായികയ്ക്ക് സ്റ്റാലിന് സമ്മാനമായി നല്‍കിയത്.
കാർത്തികിയുടെ നേട്ടത്തേക്കുറിച്ചും അവരെ ആദരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്ററിലൂടെ പങ്കുവച്ചു. ഊട്ടി സ്വദേശിയായ കാർത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദ എലഫന്റ് വിസ്പറേഴ്സ്’ നിര്‍മിച്ചത് ഗുണീത് മോംഗയാണ്. ഡോക്യൂമെന്ററി വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ഓസ്കാര്‍ നേടുന്ന ആദ്യചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്
തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട ദമ്പതികകളായ ബൊമ്മനും ബെല്ലിയും. മുതുമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തെപ്പക്കാട് ആന പരിശീലനകേന്ദ്രത്തിലെ പരിശീലകരാണ് ഇവർ. ഇവരുടെ ജീവിതകഥയാണ് കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത’ ദ എലിഫന്റ് വിസ്പറേഴ്സി’ന്റെ അടിസ്ഥാനം. അതേസമയം ബൊമ്മനേയും ബെല്ലിയേയും സ്റ്റാലിന് ഈയിടെ ആദരിച്ചിരുന്നു.