ലോകത്തിലെ ഏറ്റവും വിലയുള്ള മാമ്പഴം വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പ്പാദിപ്പിക്കാനൊരുങ്ങി ഇന്ത്യ. ജാപ്പനീസ് മാമ്പഴ വകഭേദമാണ് മിയാസാകി. എന്നാൽ ഇന്ത്യയിൽ വ്യക്തികൾ അവരവരുടെ പറമ്പുകളിൽ മിയാസാകി സ്വന്തം നിലയിൽ കൃഷി ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. ജപ്പാനിലെ മിയാസാകി മേഖലയിലാണ് സാധാരണയായി ഈ മാമ്പഴം വിളയുന്നത്. റൂബി നിറമാണ് മാമ്പഴത്തിന്റെ നിറം.
ലോകത്തിലെ ഏറ്റവും വിലയേറിയ ഈ മാമ്പഴത്തിന് കിലോഗ്രാമിന് 2.7 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. ഇന്ത്യയിൽ പശ്ചിമ ബംഗാളിലെ മാൾഡയിലായിരിക്കും മിയാസാകി കൃഷിത്തോട്ടം ഒരുക്കുക. ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നാണ് മാൾഡ. ഇവിടെ നിന്ന് മാമ്പഴം നിലവിൽ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇതോടൊപ്പമാണ് മിയാസാകിയും ഉത്പ്പാദിപ്പിക്കാൻ തീരുമാനിച്ചത്. ജപ്പാനിൽ നിന്ന് മിയാസാകി മാവിൻ തൈകൾ നേരിട്ട് എത്തിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഒരു മിയാസാകി മാമ്പഴത്തിന് ഏകദേശം 350 ഗ്രാം വരെയാണ് തൂക്കം. ആന്റിഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാകി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് മിയാസാകിയുടെ വിളവെടുപ്പ് സമയം. അതേസമയം ചൂടേറിയ കാലാവസ്ഥ, സൂര്യപ്രകാശം, മഴ എന്നിവയെല്ലാമാണ് ജപ്പാനില്‍ മിയാസാകി കൃഷി വ്യാപിക്കാന്‍ കാരണം.
ജപ്പാനിൽ മിയാസാകി മാവുകൾക്ക് കാവലേര്‍പ്പെടുത്തുകയും പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കുകയും ചെയ്യുന്നുണ്ട്. സമാനമായ രീതിയിൽ മധ്യപ്രദേശിലെ ജബര്‍പുരിലുള്ള പരിഹര്‍ എന്ന കര്ഷകന് തോട്ടത്തിലുള്ള രണ്ട് മിയാസാകി മാവുകള്‍ക്ക് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും ആറ് നായ്ക്കളെയും കാവേലേര്പ്പെടുത്തിയത് അടുത്തിടെ ജനശ്രദ്ധ നേടിയിരുന്നു.