മുതലപ്പൊഴിയില്‍ കഴിഞ്ഞ ദിവസം നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര് മാത്രമാണ് പ്രതിഷേധിച്ചതെന്നും ഇവര്‍ നാട്ടിലുള്ളവരോ മരിച്ചവരുടെ ബന്ധുക്കളോ അല്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധിച്ചവര്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ഉള്ളവരാണ്. മന്ത്രിമാര്‍ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും തമ്മില്‍ സംഘര്ഷമുണ്ടായേനെ എന്നും ആന്റണി രാജു പറഞ്ഞു.
‘നാല് പേര് പ്രതിഷേധിച്ചപ്പോള്‍ നാട്ടുകാരും മത്സ്യത്തൊഴിലാളികളും അതിനെതിരെ തിരിയുമെന്ന് കണ്ടതോടെയാണ് ഞങ്ങള്‍ ഇടപെട്ടത്. മന്ത്രിമാര്‍ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഈ നാലോ അഞ്ചോവരുന്ന കോണ്‍ഗ്രസുകാരും മത്സ്യത്തൊഴിലാളികളും തമ്മില്‍ സംഘര്ഷമുണ്ടായേന,’ ആന്റണി രാജു പറഞ്ഞു.
തീരദേശത്ത് സംഘര്‍ഷം ഉണ്ടാകാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശ്രമം നടന്നു. വള്ളം മറിഞ്ഞ് മരിച്ചയാളുടെ ബന്ധുക്കള്‍ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിമാരാണ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്ഥലത്തെത്തിയ മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്തത് ഫാദര്‍ യൂജിന്‍ പെരേരയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചിരുന്നു. മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനും ഫാ. യൂജിന്‍ പെരേര അടക്കം 50 പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.