അമേരിക്കയിൽ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിലുണ്ടായ അപ്രതീക്ഷിത വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് വെടിവെപ്പുണ്ടായത്. ബർകെ ഹാൾ എന്നറിയപ്പെടുന്ന അക്കാദമിക് കെട്ടിടത്തിനു സമീപത്തും ഐ എം ഇസ്റ്റ് അത് ലെറ്റിക് ഫെസിലിറ്റിയിലുമാണ് ആക്രമണം നടന്നത്.
വെടിവെപ്പിൽ പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് ചിലരുടെ അവസ്ഥ ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കി. വെടിവെപ്പ് നടന്ന ഇടങ്ങളിൽ നിന്ന് ആളുകളെ പൊലീസ് ഒഴിപ്പിച്ചു. അതേസമയം അധ്യാപകരും വിദ്യാർഥികളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
മാസ്ക് വച്ച് ക്യാമ്പസിലൂടെ കാൽനടയായെത്തിയ കുറിയ മനുഷ്യനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 50,000ലേറെ ബിരുദ -ബിരുദാനന്തര ബിരുദ വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയാണ് മിഷിഗൺ യൂനിവേഴ്സിറ്റി. വെടിവെപ്പിനെ തുടർന്ന് 48 മണിക്കൂർ നേരത്തേക്ക് സർവകലാശാല അടച്ചിടുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.