ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സൗദിയിലേക്കെന്ന് റിപോർട്ടുകൾ. സൗദി ക്ലബ്ബായ അൽ ഹിലാൽ ക്ലബുമായി കരാർ ഒപ്പിട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. ഭീമൻ തുകയ്ക്കാണ് സൗദി ക്ലബ് മെസ്സിയുമായി കരാർ ഒപ്പിട്ടതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ പി എസ് ജി താരമായ മെസ്സി ക്ലബുമായി അത്ര രസത്തിലല്ല.ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി യാത്ര നടത്തിയ താരത്തെ ക്ലബ് രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. ഈ വർഷം ജൂൺ വരെയാണ് മെസ്സിയ്ക്ക് പി എസ് ജി യുമായുള്ള കരാറുള്ളത്. പി എസ് ജി യിൽ നിന്ന് മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മെസ്സി തിരിച്ച് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എ എഫ് പി യുടെ റിപ്പോർട്ട് പുറത്ത് വരുന്നത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നാസറിൽ എത്തുന്നത്.റെക്കോർഡ് തുകയ്ക്കായിരുന്നു അൽ നാസർ ക്രിസ്ററ്യാനോയെ സ്വന്തമാക്കിയത്. ഇപ്പോൾ മെസ്സിയും സൗദി ക്ലബ്ബിലെത്തുമ്പോൾ ഫുട്ബോൾ ആരാധകരടക്കം ഉറ്റു നോക്കുന്നത് സൗദിയിലേക്കാണ്.നിലവിൽ മെസ്സി തന്നെയാണ് സൗദി ടൂറിസം ബോർഡിന്റെ ബ്രാൻഡ് അംബാസഡർ.