36 വർഷം അർജന്റീന കാത്തിരുന്ന് നേടിയ ലോകകപ്പ് കിരീടം സ്വന്തമാക്കാൻ കൂടെ നിന്ന സഹതാരങ്ങൾക്ക് സ്വർണ സമ്മാനവുമായി ലയണൽ മെസ്സി. ഗോൾഡൻ ഐഫോൺ ആണ് സഹതാരങ്ങൾക്ക് നൽകാൻ മെസ്സി ഓർഡർ ചെയ്തിരിക്കുന്നത്. 1.73 കോടി രൂപയാണ് ഇതിനായി ചിലവാക്കുന്നത്. അതേസമയം 24 കാരറ്റ് ഗോൾഡൻ ഐഫോണുകൾ പാരിസിലുള്ള മെസ്സിയുടെ അപ്പാർട്ട്മെന്റിൽ എത്തിച്ചതായാണ് റിപ്പോർട്ട്. കൂടാതെ ഓരോ ഗോൾഡൻ ഐഫോണിലും കളിക്കാരുടെ പേരും ജഴ്സി നമ്പറും അർജന്റീനയുടെ ലോഗോയും പതിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത.
ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണു സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ മെസ്സിയുടെ അവശ്യപ്രകാരം നിർമിച്ചത്. ലോകകപ്പ് നേടിയ അർജന്റീന ടീമിലെ എല്ലാ കളിക്കാർക്കും പ്രത്യേകതയുള്ള സമ്മാനം നൽകണം എന്ന് മെസ്സി ആഗ്രഹിച്ചിരുന്നു. കൂടാതെ എല്ലാവരും സാധാരണയായി നൽകാറുള്ള വാച്ചുകളോട് താത്പര്യം ഉണ്ടായിരുന്നില്ല എന്നും ഐഡിസൈൻ പറഞ്ഞു. ഇതിന് ശേഷമാണ് കളിക്കാരുടെ പേര് എഴുതിയ സ്വർണ ഐഫോണുകൾ നൽകാം എന്ന ആശയം മെസ്സിയ്ക്ക് മുൻപിൽ അവതരിപ്പിച്ചതെന്നും ഐഡിസൈൻ സിഇഒ കൂട്ടിച്ചേർത്തു.
അതേസമയം സഹകളികാർക്ക് മാത്രമല്ല സപ്പോർട്ട് സ്റ്റാഫിലുണ്ടായിരുന്നവർക്കും മെസ്സി സമ്മാനം നൽകും. സഹതാരങ്ങൾക്ക് നൽകുന്ന ഗോൾഡൻ ഐഫോണുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 2022 ലെ ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് വീഴ്ത്തിയാണ് അർജന്റീന ലോക കിരീടം സ്വന്തമാക്കിയത്.