വയനാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന് മരിച്ച നിലയില്‍. പുല്‍പ്പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രന് നായരെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസായിരുന്നു. സമീപവാസിയുടെ കൃഷിയിടത്തിലാണ് രാജേന്ദ്രന് നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജേന്ദ്രന് നായര്‍ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാല്‍ 80,000 രൂപ മാത്രമാണ് താന്‍ വായ്പ എടുത്തത് എന്നാണ് രാജേന്ദ്രന് നായര്‍ പറഞ്ഞിരുന്നത്.
കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിലെ മുന്‍ ഭരണ സിമിതി ബാക്കി തുക തന്റെ പേരില്‍ തട്ടിയെടുത്തെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമാനമായ രീതിയില്‍ പലരുടെ പേരില്‍ നിന്നും ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 2017ല്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയിരുന്ന കെകെ എബ്രഹാമിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ജനകീയ ബോഡി അധികാരത്തില്‍ വന്നു. ഈ ബോഡി കോടികളുടെ വായ്പാ തട്ടപ്പ് നടത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. നേരത്തെ ഇവര്‍ തന്നെ ഇതിനെതിരെ സമരം അടക്കം നടത്തിയതായും നാട്ടുകാര്‍ വ്യക്തമാക്കുന്നു.