ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്ക് പറക്കുകയായിരുന്ന വിമാനത്തിൽ യാത്രക്കാരന്റെ അതിക്രമം. യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് 2609 ലാണ് സംഭവം. മസാച്യുസെറ്റ്സിലെ ലിയോമിൻസ്റ്ററിൽ നിന്നുള്ള ഫ്രാൻസിസ്കോ സെവേറോ ടോറസ് എന്ന 33 കാരനാണ് അതിക്രമം നടത്തിയത്. ഇയാൾ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും തകർന്ന മെറ്റൽ സ്പൂൺ കൊണ്ട് ഫ്ലൈറ്റ് അറ്റൻഡന്റിന്റെ കഴുത്തിൽ കുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
അതേസമയം വിമാനം ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ യാത്രക്കാരുടെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തു. ബോസ്റ്റണിലെ യുഎസ് അറ്റോർണി ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. അപകടകരമാം വിധം ആയുധം ഉപയോഗിച്ച് ഫ്ലൈറ്റ് ക്രൂ അംഗങ്ങളെയും അറ്റൻഡന്റുമാരെയും ആക്രമിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതിയെ ഫെഡറൽ കോടതിയിൽ ഹാജരാക്കുകയും ശേഷം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാദം കേൾക്കുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റിവച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ഇമെയിൽ ഫെഡറൽ പബ്ലിക് ഡിഫൻഡറിന് അയച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.