നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നടന് മമ്മൂട്ടിയെ തേടിയെത്തിയിരിക്കുന്നത്. പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് മുമ്പ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.
നന്‍പകല്‍ നേരത്ത് മയക്കം ആണ് ഇത്തവണത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും. അവാര്‍ഡ് പ്രഖ്യാപനം നടക്കുമ്പോള്‍ നെടുമ്പാശ്ശേരിയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു മമ്മൂട്ടി. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ആഘോഷങ്ങളില്ലാതെയാണ് സന്തോഷ സുദിനം കടന്നു പോയത്.
കലൂര്‍ ഡെന്നിസിന്റെ മകന് ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ ആഘോഷങ്ങള്‍ ഇല്ലെന്നാണ് അവാര്‍ഡ് വിവരമറിഞ്ഞ മമ്മൂട്ടിയെ വിളിച്ച നിര്‍മാതാവ് ആന്റോ ജോസഫിനോട് മമ്മൂട്ടി പറഞ്ഞത്
‘പ്രിയപ്പെട്ടവരില്‍ ഒരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം,’ മമ്മൂട്ടി പറഞ്ഞു. അവാര്‍ഡ് വിവരം അറിഞ്ഞ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ വീട്ടിലെത്തി കണ്ടിരുന്നു.
1981ല്‍ അഹിംസ എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ആണ് ലഭിച്ചത്. 1984ല്‍ ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിന് ലഭിച്ചു.
1985ല്‍ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങള്‍ക്ക് പ്രത്യേക പരാമര്‍ശവും, 1989ല്‍ ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
1993ല്‍ വിധേയന്, പൊന്തന്മാട, വാത്സല്യം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള പുരസ്കാരവും 2004ല്‍ കാഴ്ചയ്ക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
2009ല്‍ പാലേരി മാണിക്യം എന്ന ചിത്രത്തിനും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ മമ്മൂട്ടി അതിന് ശേഷം 2023ലാണ് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്.