ബംഗളൂരു: ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ബംഗളൂരുവിൽ നിന്ന് വ്യോമമാർഗം തിരിക്കുന്ന മഅദനി രാത്രി എട്ട് മണിയോടെ കേരളത്തിലെത്തും. മാധ്യമങ്ങളെ കണ്ട അദ്ദേഹം നീതിന്യായ വ്യവസ്ഥയോടുള്ള പ്രതിഷേധം മറച്ചുവച്ചില്ല
“ഒരു മനുഷ്യനും തന്റെ ഗതി വരരുത്, പതിറ്റാണ്ടുകളോളം ഒരാൾ വിചാരണ തടവുകാരനായി തുടരേണ്ടി വരുന്നത് ആ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ്. ഇന്ത്യയിൽ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി ഇരുന്നവരിൽ ഒരാളാണ് താൻ, പതിറ്റാണ്ടുകളോളെ തടവിലിട്ട് ജീവച്ഛവമാകുമ്പോ നിരപരാധിയെന്ന് പറയുന്നത് നീതി ന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജൂലൈ 7 വരെ മഅദനി കേരളത്തിൽ തുടരും. 12 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മഅദനിക്കൊപ്പം അയക്കുക. ഇതിനായി 6.76 ലക്ഷം രൂപയാണ് ഇദ്ദേഹം കെട്ടിവച്ചത്. വിമാനമാർഗം ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ മഅദനിയെ അനുഗമിക്കും. മറ്റ് പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുടുംബവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
നേരത്തെ മഅദനിക്ക് കേരളത്തിൽ പോകാൻ സുപ്രിം കോടതി അനുമതി നൽകിയിരുന്നെങ്കിലും സുരക്ഷാ ചെലവുകൾക്കായി 62 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്ന് യാത്ര മഅദനി മുൻകൈയെടുത്ത് ഒഴിവാക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് നേതൃത്വം ഭരണത്തിൽ വന്നപ്പോൾ തുകയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മഅദനിയുമായി അടുത്ത വൃത്തങ്ങൾ കോൺഗ്രസ് നേതൃത്വത്തിട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് യാത്രയ്ക്ക് വഴിയൊരുങ്ങിയത്