പാരീസ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബിങ്ങിനെതിരെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം. ഇപ്പോൾ നടത്തുന്ന ബോംബാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കിയാൽ ഇസ്രയേലിന് തന്നെയാവും അതിൻ്റെ ഗുണമെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ മാക്രോണ്‍ പറഞ്ഞു.
സ്വയം സംരക്ഷിക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ നടത്തണം ബോംബാക്രമണം അവസാനിപ്പിക്കാൻ ഞാൻ അവരോട് ആവശ്യപ്പെടുകയാണ് – മാക്രോൺ പറഞ്ഞു.
അതേസമയം മാക്രോണിൻ്റെ പ്രസ്താവന തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് എത്തി. ഇസ്രയേലിനെയല്ല ഹമാസിനെയാണ് രാഷ്ട്രങ്ങൾ അപലപിക്കേണ്ടതെന്നും ഗാസയിൽ ഇന്ന് ചെയ്യുന്ന കുറ്റകൃത്യങ്ങൾ നാളെ പാരീസിലോ ന്യൂയോർക്കിലോ ലോകത്തെവിടെ വേണമെങ്കിലോ നടക്കുമെന്നും നെതന്യാഹു പറഞ്ഞു.