ലഗേജ് ബാഗിനുള്ളിൽ കടന്നുകൂടി അനധികൃതമായി വിമാനം കയറാൻ ശ്രമിച്ച വില്ലനെ പിടികൂടി. ന്യൂയോർക്ക് സിറ്റി ജോൺ എഫ്.കെന്നഡി എയർപോർട്ടിലാണ് വിചിത്രമായ സംഭവം. ബാഗ് വിമാനത്തിൽ കയറ്റുന്നതിന് മുമ്പായി നടത്തുന്ന പരിശോധനയിലാണ് ബാഗേജിനുള്ളിൽ ഒളിച്ചിരിക്കുന്നയാളെ കണ്ടെത്തിയത്. എക്സ് റേ മെഷീനിലൂടെ കടത്തിവിട്ടപ്പോൾ ബാഗിനുള്ളിൽ ഒരു പൂച്ച ചുരുണ്ടിരിക്കുന്നതാണ് ജീവനക്കാർ കണ്ടത്.
ഫ്ലോറിഡയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റിൽ കയറുന്നതിനായി ജെ.എഫ്.കെയിൽ നിന്ന് അറ്റ്ലാന്റയിലേക്ക് പോകുകയായിരുന്ന ഒരു യാത്രക്കാരന്റെ ബാഗിലാണ് പൂച്ചയെ കണ്ടെത്തിയത്. സംഭവത്തിന്റെ ഫോട്ടോ സഹിതം ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിട്രേഷൻ ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ബാഗിനുള്ളിൽ പതുങ്ങിയിരുന്ന പൂച്ചയെ കണ്ടെത്തി പുറത്തു വിട്ടുവെന്നാണ് അധികൃതർ കുറിച്ചത്.
എന്നാൽ ബാഗിന്റെ ഉടമയറിയാതെയാണ് പൂച്ച ബാഗിനുള്ളിൽ കയറിപ്പറ്റിയതെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ബാഗിൽ നിറയെ കുപ്പികൾ ഉണ്ടായിരുന്നു. ഇതിനിടയിൽ ചുരുണ്ടുകൂടിയിരിക്കുകയായിരുന്നു പൂച്ച. പൂച്ചയെ രക്ഷിച്ചുവെന്നും അത് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വിമാനത്താവള അധികൃതർ പറഞ്ഞു. എന്നാൽ പൂച്ചകൾ ഇത്തരത്തിൽ ബാഗുകളിൽ കയറിക്കൂടുമെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.