ഫിഫ ഖത്തർ ലോകകപ്പിനെത്തുന്ന ലോകമെമ്പാടുമുള്ള ആരാധകർക്കായി നിരവധി വിനോദ സാധ്യതകൾ വാഗ്ദാനം ചെയ്ത് ഖത്തർ. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പുറത്തിറക്കിയ ‘ലൈവ് ഇറ്റ് ഓൾ ഇൻ ഖത്തർ’ എന്ന ബ്രോഷറിലാണ് ഖത്തറിലെ വിനോദ സാധ്യതകൾ വിവരിക്കുന്നത്.
ആരാധകർക്കായി സാംസ്കാരികവും സാഹസികവുമായ പ്രവർത്തനങ്ങൾക്ക് പുറമെ ഖത്തർ നിരവധി വിനോദ സാധ്യതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ വിനോദങ്ങളും അവ എങ്ങനെയുള്ളതാണെന്നും, സ്ഥലം, തീയതി, സമയം, പ്രവേശനം, അടുത്തുള്ള മെട്രോ സ്റ്റേഷൻ തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ബ്രോഷർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഫുട്ബോളിനായി ഖത്തറിലേക്ക് വരൂ എന്നാണ് ആരാധകരെ സ്വാഗതം ചെയ്യുന്ന ബ്രോഷർ പറയുന്നത്. വിസ്മയിപ്പിക്കുന്ന അനുഭവങ്ങളും ഇവന്റുകളും ഖത്തറിൽ നിന്നും ആസ്വദിക്കാം. ഇതിനായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മെഗാ ആകർഷണങ്ങൾ, സാംസ്കാരിക ഇടങ്ങൾ, അനന്തമായ സാഹസികത എന്നിങ്ങനെയാണ് ബ്രോഷറിൽ തരംതിരിച്ചിട്ടുണ്ട്.
വിനോദ ലക്ഷ്യസ്ഥാനങ്ങൾക്ക് കീഴിൽ, അൽ ബിദ്ദ പാർക്കിൽ ഫിഫ ഫാൻ ഫെസ്റ്റിവൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് അന്താരാഷ്ട്ര, പ്രാദേശിക കലാകാരന്മാരുടെ 100 മണിക്കൂർ തത്സമയ സംഗീതം വാഗ്ദാനം ചെയ്യുന്നു. ഖത്തറിന്റെ ആഗോള സ്ട്രീറ്റ് കാർണിവലിന് ആതിഥേയത്വം വഹിക്കുന്ന കോർണിഷിൽ 150 ലധികം ഭക്ഷണശാലകളും 4 ലൈവ് സ്റ്റേജുകളും ഉണ്ടായിരിക്കും. കൂടാതെ ഒരേസമയം 70,000 പേർക്ക് ആതിഥ്യമരുളുകയും ചെയ്യും.