കൊച്ചി: കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി വീണ്ടും ലിസ്റ്റിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു. ഇന്നലെ കൊച്ചിയിൽ നടന്ന ജനറൽ ബോഡി കമ്മിറ്റിയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത് . നിലവിലുള്ള ലിസ്റ്റിന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയെ ഒരു വർഷത്തേക്ക് കൂടിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന ഏറ്റവും പ്രായം കുറഞ്ഞ, തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് കൂടിയാണ് ലിസ്റ്റിൻ. ജനറൽ സെക്രട്ടറി എസ്. എസ്.ടി സുബ്രഹ്മണ്യൻ. മുരളി മൂവീസ് ഉടമ വി.പി. മാധവൻ നായർ ട്രഷറർ എന്നിവരും നിലവിലെ സ്ഥാനങ്ങളിൽ തുടരും.
നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനിയുടേയും സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമ മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കുന്ന SIFA യും ലിസ്റ്റിൻ സ്റ്റീഫന്റെ സംരംഭമാണ്. 2011 ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ നിർമാണരംഗത്തെത്തുന്നത്. തുടർന്ന് ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നിർമാണ- വിതരണ കമ്പനികളിലൊന്നായി മാറി. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിർമാണത്തിൽ പങ്കാളിയായി.
കടുവ, ജനഗണമന എന്നീ സിനിമകൾ ലിസ്റ്റിനും പൃഥിയും ഒന്നിച്ചു നിർമിച്ചു. കൂടാതെ കെജിഎഫ് 2, മാസ്റ്റർ, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇവർ ഒന്നിച്ചാണ് ഏറ്റെടുത്തത്. നിവിൻ പോളി നായകനായി എത്തിയ “മലയാളി ഫ്രം ഇന്ത്യ”യാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ദിലീപ് നായകനായ എത്തുന്ന ഒരു ചിത്രവും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി മൂവിസുമായി സഹകരിച്ച് മറ്റൊരു ചിത്രവും നിർമ്മാണത്തിലുണ്ട്. ടോവിനോ തോമസ് നായകനാക്കി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അജയൻ്റെ രണ്ടാം മോഷണം ഉടൻ പുറത്തിറങ്ങും