അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോളുകൾ തികച്ച് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. ലോക റാങ്കിങ്ങിൽ 86ാം സ്ഥാനത്തുള്ള കുറസാവോയ്ക്ക് എതിരായ സൗഹൃദ മത്സരത്തിലായിരുന്നു മെസിയുടെ നേട്ടം. 174 മത്സരങ്ങളിൽ നിന്നാണ് മെസി ചരിത്ര നേട്ടം കുറിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോളിൽ സെഞ്ചുറി തികയ്ക്കുന്ന മൂന്നാമത്തെ കളിക്കാരൻ കൂടിയാണ് അദ്ദേഹം.
മത്സരം തുടങ്ങി 37 മിനിറ്റുകൾക്കിടെ മെസി ഹാട്രിക് നേടി. നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, എയ്ഞ്ചൽ ഡി മരിയ, ഗോൺസാലോ മോന്റീൽ എന്നിവരാണ് മറ്റുഗോളുകൾ നേടിയത്. ആദ്യപാതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. 20-ാം മിനിറ്റിലായിരുന്നു മെസി 100 ഗോൾ പൂർത്തിയാക്കിയ ചരിത്രനിമിഷം പിറന്നത്.
ഇറാൻ ഫുട്ബോൾ ഇതിഹാസം അലി ദേ, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് മെസിക്ക് മുൻപ് ഗോൾ നേട്ടം കുറിച്ച മറ്റ് താരങ്ങൾ. നിലവിൽ 198 കളികളിലായി 122 ഗോൾ നേടിയ റൊണാൾഡോയാണ് അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള താരം. ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടക്കുന്നതുവരെ അന്താരാഷ്ട്ര തലത്തിൽ അലി ദേയ് നേടിയ 109 ഗോളുകളെ മറികടക്കാൻ ആർക്കും സാധിച്ചിരുന്നില്ല. ഇറാനിയൻ സ്ട്രൈക്കറായിരുന്ന അലി ദേയ് 2000- 2006 കാലഘട്ടത്തിൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.