അമിതവണ്ണം കുറയ്ക്കാൻ ഇന്ന് പല വഴികളുണ്ട്. കൃത്യമായ ഡയറ്റുകളും വ്യായാമങ്ങളും ചെയ്ത് പലരും വണ്ണം കുറയ്ക്കാറുമുണ്ട്. എന്നാൽ തടി കുറയ്ക്കാൻ വേണ്ടി നാടുവിട്ട യുവാവാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. തടി കുറയ്ക്കാൻ വേണ്ടി നാട് വിട്ട അയർലൻഡുകാരനായ ബ്രയാൻ ഒക്കീഫ് എന്ന യുവാവ് ഏഴ് മാസങ്ങൾക്കു ശേഷം തിരികെയെത്തി.എന്നാൽ ഇയാൾ 63 കിലോയോളം തടി കുറച്ചിരുന്നു. ഒക്കീഫ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കൂടാതെ ഏഴുമാസങ്ങൾക്കു മുൻപ് വീടുവിട്ടുപോയ ഒക്കീഫ് തൻ്റെ വ്യത്യസ്തമായ യാത്രയുടെ ദൃശ്യങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
153 കിലോ ആയിരുന്ന ഒക്കീഫിന്റെ ഭാരം ഇപ്പോൾ 90 കിലോയാണ്. ഇതിനായി ഏറെ കഷ്ടപ്പെട്ടെന്ന് ഒക്കീഫ് പറഞ്ഞു. 15 വർഷത്തോളമായി വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. എന്നാൽ വീടുവിട്ട് മാറിനിന്നത് ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം പാർട്ടികൾക്കോ മറ്റ് ആഘോഷങ്ങൾക്കോ പോകാതിരിക്കാനാണെന്നാണ് ഒക്കീഫ് പറഞ്ഞത്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരുപാട് പരുക്കുകൾ പറ്റി. എല്ലാ ദിവസവും 90 മിനിട്ട് വീതം നടന്നു. ആഴ്ചയിൽ മൂന്ന് ദിവസം നീന്തലും മൂന്ന് ദിവസവും ഓട്ടവും ശീലിച്ചതിന് ശേഷമാണ് ഈ മാറ്റം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.