കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ലക്ഷ്മണ് സാവദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
കര്‍ണാടകയിലെ കരുത്തനായ ലിംഗായത്ത് നേതാവും മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വിശ്വസ്തനുമാണ് ലക്ഷ്മണ് സാവദി. ആരുടെയും മുന്നില്‍ യാചിച്ചുകൊണ്ട് പോവില്ലെന്നും തീരുമാനമെടുത്തു കഴിഞ്ഞെന്നും രാജിക്ക് പിന്നാലെ ലക്ഷ്മണ് സാവദി മാധ്യമങ്ങളോട് പറഞ്ഞു. 2018ലെ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.
നിലവില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് തലവന്‍ ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേര് ഉള്‍പ്പെടാത്ത മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിനായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഷെട്ടാറിന് നിരാശനായി മടങ്ങിവരേണ്ടി വരുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഷെട്ടാര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് 189 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി നേതൃത്വം പുറത്തുവിട്ടത്. നിലവില്‍ എംഎല്‍എമാരായവരെ ഒഴിവാക്കി കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയവര്ക്കാണ് ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൂടുതല്‍ ഇടം നല്‍കിയിരിക്കുന്നത്.
പുതുതായി 52 പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 224 അസംബ്ലി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.