കൊച്ചി: ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകാൻ കെൽപ്പുളള സംവിധാനമൊരുക്കി അമൃതവിശ്വവിദ്യാപീഠം. ലാൻഡ്സ്ലൈഡ് ഏർളി വാണിങ് സിസ്റ്റം എന്ന സംവിധാനം 2009 മുതൽ മൂന്നാറിൽ സ്ഥാപിച്ചിരുന്നെന്നും 2020ലെ പെട്ടിമുടി ദുരന്തത്തിൽ ഇതിൽ നിന്നും മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതായി അധികൃതർ പറയുന്നു.
ജൂലൈയിൽ മാത്രം മൂന്നാറിൽ 27 തവണ സിസ്റ്റം വഴി മുന്നറിയിപ്പ് ലഭിച്ചെന്നും അവിടങ്ങളിലെല്ലാം മണ്ണിടിച്ചിലുകൾ ഉണ്ടായതായും അമൃത സർവകലാശാല വയർലെസ് നെറ്റ്വർക്സ് ആൻഡ് ആപ്ലിക്കേഷൻ വിഭാഗത്തിലെ ഗവേഷകർ പറഞ്ഞു. സിക്കിമിൽ സജ്ജമാക്കിയ സംവിധാനം ഇപ്പോൾ കർണാടകയിലും ഒഡീഷയിലും സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് അമൃതവിശ്വപീഠമെന്ന് പ്രൊവോസ്റ്റും അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്വർക്ക്സ് ആൻഡ് ആപ്ലിക്കേഷൻസ് ഡയറക്ടറുമായ ഡോ.മനീഷ വി.രമേഷ് പറഞ്ഞു. ഇന്റർനെറ്റ് ഓഫ് തിംങ്സ് അധിഷ്ഠിതമായ സംവിധാനത്തിലൂടെ 150ലേറെ ജിയോളജിക്കൽ സെൻസറുകളും 6 ഇന്റലിജന്റ് പ്രോബുകളും ഉൾപ്പെടുന്നുണ്ട്.
മഴമാപിനി,അന്തരീക്ഷ ഈർപ്പം എന്നിവ അളക്കാനുളള സെൻസർ, ഭൂമിയുടെ ചെരിവ് അളക്കാനുളള ഇൻക്ലനോമീറ്റർ, ഭൂമ്യിലെ പ്രകമ്പനങ്ങളുടെ തോത് അളക്കുന്ന ജിയോഫോണുകൾ എന്നിവ ഉൾപ്പെട്ടതാണ് ഈ സംവിധാനം.നിർമ്മിത ബുദ്ധിയുടെ സഹായത്തോടും കൂടെയാണ് ഇപ്പോൾ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.