വയലിനിസ്റ്റ് ബാലഭാസ്കർ, മകൾ തേജസ്വിനി ബാല എന്നിവരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ, കാർ അമിത വേഗത്തിലായിരുന്നെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. കോടതിയിൽ നൽകിയ മൊഴിയിലാണ് ലക്ഷ്മി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അപകടമുണ്ടായ ദിവസം പുലർച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാർ മൂന്നരയ്ക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടമുണ്ടാക്കിയെന്നാണ് ലക്ഷ്മിയുടെ മൊഴി.
കാറോടിച്ചിരുന്നത് കേസിലെ ഏക പ്രതി പാലക്കാട് സ്വദേശി അർജുൻ നാരായണനാണ്. പ്രതിയെ ലക്ഷ്മി തിരിച്ചറിഞ്ഞു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കായാണ് അവിടെ പോയത്. പൂജ കഴിഞ്ഞ് 2018 സെപ്തംബർ 24 ന് രാത്രി തിരിച്ചു. 25 ന് പുലർച്ചെ 3.30 ന് പളളിപ്പുറത്ത് വച്ച് അപകടം ഉണ്ടായി. അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്.
മെഡിക്കൽ കോളെജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്കറെയും മാറ്റിയതിൽ ദുരൂഹതയില്ലെന്നും ലക്ഷ്മി മൊഴി നൽകി. അപകട വിവരങ്ങൾ പൊലീസിന് നൽകിയത് താനാണെന്ന് ലക്ഷ്മിയുടെ സഹോദരൻ പ്രസാദും മൊഴി നൽകി. അർജുനെതിരേ അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസുള്ളത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും അന്വേഷിച്ച കേസ് ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു. സി.ബി.ഐ. അന്വേഷണം ശരിയായ ദിശയിലല്ലെന്നും പുനരന്വേഷണം വേണമെന്നുമുള്ള അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു.