കുവൈറ്റിലെ ഗതാഗത മേഖലയിൽ നിർണായക പരിഷ്കരണവുമായി ഗതാഗത വകുപ്പ്. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായാണ് പുതിയ മാറ്റം. പത്തുവർഷത്തിലധികം പഴക്കമുള്ള വിദേശികളുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കാതിരിക്കുവാൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സാങ്കേതിക സമിതി നടത്തിയ പഠനത്തിലാണ് നിർദേശം.
പഴയ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ അപകടവും മലിനീകരണവും വർധിക്കുന്നതായും സബ്സിഡിയുള്ള ഇന്ധന ഉപഭോഗം വർധിപ്പിക്കുന്നതായും സമിതി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നൽകരുതെന്ന് സമിതി മന്ത്രാലയത്തിന് ശുപാർശ നൽകി.
പഴയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നേരത്തെ പരിസ്ഥിതി പബ്ലിക് അതോറിറ്റി ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു . പത്ത് വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയുകയാണ് ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ പഴയ വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ഏറെ കുറക്കുവാൻ സാധിക്കുമെന്നും സമിതി വ്യക്തമാക്കി.