ഈജിപ്ഷ്യൻ തൊഴിലാളികള്‍ക്ക് വീസ നൽകുന്നതിനുള്ള താത്കാലിക വിലക്ക് തുടരുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. വീസ അനുവദിക്കണമെന്ന ഈജിപ്ഷ്യൻ അധികൃതരുടെ അഭ്യർഥന കുവൈറ്റ് തള്ളി. കുവൈത്തില്‍ ഈജിപ്തുകാർക്ക് എല്ലാവിധ വീസകളും അനുവദിക്കുന്നത് താൽക്കാലികമായി നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് ഈജിപ്ഷ്യൻ അധികൃതർ കുവൈറ്റിനെ സമീപിച്ചത്.
വ്യാജ തൊഴില്‍ കമ്പനികളുടെ പേരിൽ ഈജിപ്തിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്തതിനെ തുടർന്നാണ് കുവൈറ്റിൻ്റെ വിലക്ക്. എന്നാല്‍ നിലവില്‍ രാജ്യത്ത് കഴിയുന്നവർുടക്കും കുവൈത്തില്‍ താമസ അനുമതി ഉള്ളവർക്കും വീസാ വിലക്ക് ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമാണ് ഈജിപ്തുകാര്‍.
ഈജിപ്ഷ്യൻ തൊഴിലാളികളെ കൊണ്ടുവരാൻ കുവൈറ്റിലെ കമ്പനികൾക്ക് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഇളവ് നൽകിയെന്ന വാര്‍ത്തയും അധികൃതര്‍ നിഷേധിച്ചു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ നേരത്തേ ഉണ്ടായിരുന്ന ഇലക്ട്രോണിക് ലേബർ ലിങ്കും റദ്ദാക്കിയിട്ടുണ്ട്.