ആഭ്യന്തര ഡിമാൻഡ് വർധിക്കുന്നതനുസരിച്ച് പ്രകൃതി വാതക ഉൽപ്പാദനവും എണ്ണ ഉൽപ്പാദനവും വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ കുവൈറ്റ് ഓയിൽ കമ്പനി പ്രകൃതി വാതക ഉൽപ്പാദനം വർധിപ്പിക്കാൻ ശ്രമിക്കുന്നതായി കെഒസിയുടെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അൽ ഒതൈബി പറഞ്ഞു.
കോവിഡ് മഹാമാരിയിൽ നിന്ന് ലോകം കരകയറിയതോടെ എണ്ണയുടെയും വാതകത്തിന്റെയും ആവശ്യം ഉയർന്നു. ഇത് വില വർധിക്കാൻ കാരണമായി. ഈ ഉയർന്ന വിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും ഊർജത്തിന്റെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനുമാണ് പ്രകൃതി വാതക ഉൽപ്പാദനം വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.
നിലവിൽ പ്രതിദിനം 650 ദശലക്ഷം ക്യുബിക് അടി വാതകം ഉൽപ്പാദിപ്പിക്കുന്ന ഗൾഫ് രാജ്യം ഇത് ഒരു ബില്യണായി ഉയർത്താൻ പദ്ധതിയിടുന്നതായി കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് നവാഫ് സൗദ് അൽ സബാഹി വ്യക്തമാക്കി. ഒപെക്കിന്റെ നാലാമത്തെ വലിയ അംഗമായ കുവൈറ്റിന് വിപണിക്ക് ആവശ്യമെങ്കിൽ ക്രൂഡ് ഉൽപ്പാദനം ഉയർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ പ്രഖ്യാപനങ്ങൾക്ക് അനുസൃതമായാണ് ഉൽപ്പാദനം വർധിക്കുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണ ആവശ്യത്തിന് വിതരണം ചെയ്യപ്പെടുന്നുവെന്നും ഭാവിയിൽ പ്രതീക്ഷിക്കുന്ന ആവശ്യം നിറവേറ്റാൻ കഴിയുമെന്നും ഉറപ്പുനൽകാൻ കഴിയുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ മുഹമ്മദ് അൽ ഫാരിസ് പറഞ്ഞു.