കുവൈറ്റിൽ ഗ്രീൻ ഐലൻഡിലെ ദേശീയ ദിനാഘോഷം വ്യത്യസ്തമായി. വർണക്കുത്തുകൾകൊണ്ട് തീർത്ത അമീറും കിരീടാവകാശിയും മരുഭൂമിയുടെ പശ്ചാത്തലത്തിൽ നീങ്ങുന്ന ഒട്ടകങ്ങളും ആകാശത്ത് വിരിഞ്ഞത് ആഘോഷത്തിന് മാറ്റ് കൂട്ടി. ഗ്രീൻ ഐലൻഡ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടികൾ വ്യത്യസ്തമായി.
2000 ത്തിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് ഗ്രീൻ ഐലൻഡിലെ ആകാശത്ത് വ്യത്യസ്തമായ രൂപങ്ങൾ തീർത്തത്. രൂപങ്ങൾക്കൊപ്പം വിവിധ തരത്തിലുള്ള എഴുത്തുകളും ചിഹ്നങ്ങളും ദേശീയപതാകയും പല നിറങ്ങളിലായി ആകാശത്ത് തെളിഞ്ഞു. രാജ്യത്തെ പ്രശസ്ത ലാൻഡ്മാർക്കുകളും കാഴ്ചക്കായി ആകാശത്ത് എത്തി.
അതേസമയം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ ചിത്രങ്ങൾ ആകാശത്ത് വിരിഞ്ഞു. മികച്ച കൈയടിച്ചാണ് ആളുകള്‍ ഇതിനെ സ്വീകരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റ് ടവറിന് സമീപവും ഡ്രോണുകളുടെ പ്രകടനം സംഘടിപ്പിച്ചിരുന്നു.