ഹജ്ജ് ക്വാട്ട വർധിപ്പിക്കുന്നതിനായി സൗദി ഹജ്ജ് മന്ത്രാലയത്തിന് കുവൈറ്റ് അപേക്ഷ നൽകി. എൻഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ സത്താം അൽ മുസൈൻ ആണ് ഇക്കാര്യം അറിയിച്ചത്. ബിദൂനികൾക്കും ഉംറ, ഹജ്ജ് എന്നിവ നിർവഹിക്കാൻ അവസരം നൽകണമെന്ന അപേക്ഷയും സൗദി ഹജ്ജ് മന്ത്രാലയത്തിന് സമർപ്പിച്ചതായി സത്താം അൽ മുസൈൻ കൂട്ടിച്ചേർത്തു.
8000 ഹജ്ജ് ക്വാട്ടയാണ് കുവൈറ്റിന് ഈ വർഷം അനുവദിച്ചത്. എന്നാൽ നാൽപ്പതിനായിരത്തിലധികം അപേക്ഷകളാണ് ഓൺലൈൻ വഴി ലഭിച്ചത്. കുവൈറ്റ് നൽകിയ അപേക്ഷ സൗദി അധികൃതർ പരിശോധിച്ച് വരികയാണെന്നും ഉടൻ തന്നെ അനുകൂല പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈറ്റിൽ നിന്നുള്ള തീർഥാടകരുടെ താമസ സ്ഥലങ്ങളിൽ പരിശോധനയ്ക്കായി നിയോഗിക്കപ്പെട്ട സംഘം ദൗത്യം പൂർത്തിയാക്കിയതായി സത്താൻ അൽ മുസൈൻ പറഞ്ഞു. കൂടാതെ ഔദ്യോഗിക കാരവനുകൾ , ഹോട്ടലുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയുമായും കരാർ ഉറപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈറ്റിൽ ഈ വർഷം സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും ഹജ്ജിന് അപേക്ഷിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ജനുവരി 28ന് ആരംഭിച്ച രജിസ്ട്രേഷൻ ഫെബ്രുവരി 29നാണ് അവസാനിച്ചത്.